Zygo-Ad

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് 'ഇന്ത്യ' സഖ്യം; മുഴുവൻ എംപിമാരോടും ഡൽഹിയിലെത്താൻ നിർദേശം


ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ 'ഇന്ത്യ' (INDIA) സഖ്യം തയാറെടുക്കുന്നു. സഖ്യത്തിലെ മുഴുവൻ എംപിമാരോടും മുതിർന്ന നേതാക്കളോടും ഉടൻ ഡൽഹിയിലെത്താൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നിർദേശം നൽകി. ഒക്ടോബർ 30, 31, നവംബർ 1 തീയതികളിൽ നേതാക്കളെല്ലാം തലസ്ഥാനത്ത് തുടരണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.

ഒക്ടോബർ 30-ന് ഗ്യാനേഷ് കുമാറിനെതിരെ മോക് ഇംപീച്ച്മെന്റ് നടപടികളും, നവംബർ 1-ന് ചരിത്രപ്രസിദ്ധമായ രാംലീല മൈതാനിയിൽ വൻ റാലിയും സംഘടിപ്പിക്കും. കൂടാതെ, ചൊവ്വാഴ്ച ഡൽഹിയിൽ സിപിഐയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങലയും നടക്കും. അതേസമയം, പ്രതിപക്ഷത്തിന്റെ മിന്നൽ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി 273 കമ്പനി കേന്ദ്രസേനയുടെ വിന്യാസം ഒക്ടോബർ 31 വരെ നീട്ടിയിട്ടുണ്ട്. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 57 എഫ്.ഐ.ആറുകളാണ് ഡൽഹി പോലീസ് രജിസ്റ്റർ ചെയ്തത്.

തുടർച്ചയായ പ്രതിഷേധങ്ങൾ ക്രമസമാധാനത്തെ ബാധിക്കുമെന്ന ആശങ്കയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പോലീസ് ആസ്ഥാനത്തെത്തി സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി. അതേസമയം, നവംബർ 1-ന് നടക്കുന്ന റാലി ദീപാവലി വിപണിയെയും കച്ചവടത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി റാലി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി സംഘടനകൾ രാഹുൽ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. ഇതോടൊപ്പം യുവജന-വിദ്യാർത്ഥി സംഘടനകളുടെ മിന്നൽ പ്രതിഷേധങ്ങളും രാജ്യവ്യാപകമായി കോൺഗ്രസിന്റെ പഞ്ചായത്ത് തലത്തിലുള്ള പ്രതിഷേധ പ്രകടനങ്ങളും ഇന്നും തുടരും.



വളരെ പുതിയ വളരെ പഴയ