വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് വിജിലൻസിലെ 'ടി സെക്ഷനെ' ഒഴിവാക്കിക്കൊണ്ടുള്ള സർക്കാർ വിജ്ഞാപനത്തിന് സ്റ്റേ അനുവദിച്ച് ഹൈക്കോടതി ഉത്തരവില്ല. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജികളിലെ ആവശ്യം ഹൈക്കോടതി തള്ളി. സംഭവത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
ടി സെക്ഷൻ പരിധിയിൽ വരുന്ന വിവരങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കിക്കൊണ്ട് മൂന്നാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വിജിലൻസ് മുൻ ലീഗൽ അഡ്വൈസർ അഡ്വ. പി. മുരളീകൃഷ്ണനും ആർ.ടി.ഐ. കേരള ഫെഡറേഷൻ എന്ന സംഘടനയുമാണ് ഹർജികളുമായി കോടതിയെ സമീപിച്ചത്. ഒക്ടോബർ 22-നാണ് വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.
