Zygo-Ad

കുടുംബ-സാമൂഹിക സമ്മർദ്ദങ്ങൾ സ്ത്രീകളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു എന്ന് വനിതാ കമ്മിഷൻ


കണ്ണൂർ: പൊതുസമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ വ്യക്തിഗതമായി കാണാതെ സാമൂഹികവും പൊതുജനാരോഗ്യപരവുമായ വിഷയമായി പരിഗണിക്കണമെന്ന് വനിതാ കമ്മിഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന വനിതാ കമ്മിഷൻ സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീകളുടെ പ്രശ്നങ്ങളിലും അവരുടെ മാനസികാരോഗ്യത്തിലും സമൂഹം കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് കമ്മിഷൻ നിരീക്ഷിച്ചു. കുടുംബപരവും സാമൂഹികവുമായ വിവിധ സമ്മർദ്ദങ്ങൾ സ്ത്രീകളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഗാർഹികപീഡനം, സാമ്പത്തിക പ്രതിസന്ധി, തൊഴിലിടങ്ങളിലെ സമ്മർദ്ദം, കുടുംബ ഉത്തരവാദിത്വങ്ങളുടെ അമിതഭാരം, ഒറ്റപ്പെടൽ തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങളാണ് സ്ത്രീകൾ ഇന്ന് നേരിടുന്നത്. ഇത്തരം സാഹചര്യങ്ങൾ അവരുടെ ആത്മവിശ്വാസവും തകർക്കുന്നുണ്ടെന്ന് കമ്മിഷൻ വ്യക്തമാക്കി.
കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന സിറ്റിങ്ങിൽ ആകെ 55 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 12 കേസുകൾ തീർപ്പാക്കി. 5 കേസുകളിൽ വിവിധ വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. 2 കേസുകൾ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലേക്ക് കൈമാറി. ഒരു കേസിൽ പ്രാദേശിക ജാഗ്രതാ സമിതിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ള പരാതികളിൽ 35 എണ്ണം അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും.
സിറ്റിങ്ങിൽ അഡ്വ. കെ.പി. ഷിമ്മി, കൗൺസിലർ അശ്വതി രമേശൻ, വുമൺ സെൽ അംഗം ലീനിഷ എന്നിവർ പങ്കെടുത്തു.
വളരെ പുതിയ വളരെ പഴയ