തിരുവനന്തപുരം: സെപ്റ്റംബർ 2026 കെ-ടെറ്റ് (K-TET) പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 7 വരെ നീട്ടിയതായി പരീക്ഷാ ഭവൻ അറിയിച്ചു. ഇതിനൊപ്പം അപേക്ഷയിൽ തെറ്റുകൾ സംഭവിച്ചവർക്ക് അത് തിരുത്തുന്നതിനുള്ള (Edit) സൗകര്യവും ഒക്ടോബർ 1 മുതൽ 7 വരെ ലഭ്യമാക്കിയിട്ടുണ്ട്.
അപേക്ഷകർ https://ktet.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ 'Candidate Login' വഴി ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐ.ഡിയും നൽകി ലോഗിൻ ചെയ്ത് 'Application Edit' ലിങ്ക് വഴി വിവരങ്ങൾ പരിശോധിക്കണം. നിർദ്ദിഷ്ട മാതൃകയിലുള്ള ഫോട്ടോ, പേര്, രക്ഷകർത്താവിന്റെ പേര്, ജനനതീയതി, ജെൻഡർ, വിദ്യാഭ്യാസ യോഗ്യത, ലാംഗ്വേജ്, ഓപ്ഷണൽ സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല തുടങ്ങിയ വിവരങ്ങളിൽ തിരുത്തലുകൾ വരുത്താവുന്നതാണ്.
പരീക്ഷ സമയബന്ധിതമായി നടത്തേണ്ടതുള്ളതിനാൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഇനി നീട്ടിനൽകില്ലെന്നും തീയതിക്കുള്ളിൽ തന്നെ ആവശ്യമായ തിരുത്തലുകൾ പൂർത്തിയാക്കണമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
