എറണാകുളം: ചേരാനെല്ലൂർ വാഹനാപകട കേസിൽ പ്രതിയായ സെഷൻസ് ജഡ്ജി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. വാഹനം ഓടിച്ച 17-കാരന്റെ പിതാവായ ജഡ്ജിയെ കേസിൽ പൊലീസ് പ്രതി ചേർത്തിരുന്നു. ജഡ്ജിയെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി പൊലീസ് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി ഹൈക്കോടതി ബെഞ്ച് പരിഗണിക്കും.
അതേസമയം, അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം കൂടുതൽ നടപടികൾ സ്വീകരിച്ചാൽ മതിയെന്നാണ് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം. കേസിൽ ക്രൈംബ്രാഞ്ച് സംഘം ജഡ്ജിയുടെ ഫ്ലാറ്റിൽ പരിശോധന നടത്തുകയും ആഡംബര ബൈക്ക് ഉൾപ്പെടെ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, അപകടത്തിൽപ്പെട്ട കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കുന്നതിന് മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് ഉടമയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.
