തിരുവനന്തപുരം: കെട്ടിട നിർമാണത്തിനുള്ള അപേക്ഷാ ഫീസും പെർമിറ്റ് ഫീസും അധികമായി അടച്ചവർക്ക് തുക തിരികെ ലഭിക്കുന്നതിനായി അപേക്ഷിക്കാനുള്ള സമയപരിധി തദ്ദേശ സ്വയംഭരണ വകുപ്പ് ഡിസംബർ 31 വരെ നീട്ടി ഉത്തരവിറക്കി.
2023 ഏപ്രിൽ 10 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്കുകൾ അനുസരിച്ച് ഫീസ് അടച്ചവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 2024 ഓഗസ്റ്റ് 1-ന് പ്രാബല്യത്തിൽ വന്ന പുതുക്കിയ നിരക്കുകൾ പ്രകാരം കൂടുതൽ ഈടാക്കിയ തുകയാണ് തിരികെ നൽകുന്നത്.
നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധിക്കുള്ളിൽ അപേക്ഷിക്കാൻ സാധിക്കാത്ത നിരവധി ആളുകളുണ്ടെന്ന് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സർക്കാരിനെ അറിയിച്ചതിനെ തുടർന്നാണ് തിയ്യതി നീട്ടി നൽകിയത്. അർഹരായവർക്ക് റീഫണ്ട് തുക അനുവദിക്കുന്നതിനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് നൽകിയിട്ടുണ്ട്. അതേസമയം, ഡിസംബർ 31-ന് ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ ഒരു കാരണവശാലും പരിഗണിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
