തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. തെക്കൻ, മധ്യ കേരളത്തിലാണ് മഴ കൂടുതൽ കടുക്കുക. അടുത്ത മൂന്ന് മണിക്കൂറിൽ വടക്കൻ കേരളത്തിലും മഴ ശക്തമാകാൻ സാധ്യതയുണ്ട്. വടക്കൻ ജില്ലകളായ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിങ്കളാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴയും ഇടിമിന്നലോടു കൂടിയ ശക്തമായ കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. അപകട സാധ്യത കണക്കിലെടുത്ത് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കളാഴ്ച വരെ മീൻപിടുത്തത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും നദിക്കരകളിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
