തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക വിതച്ച് ഡെങ്കിപ്പനി വ്യാപനം വർദ്ധിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 1,622 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് പനി ലക്ഷണങ്ങളോടെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്.
കഴിഞ്ഞ മൂന്ന് മാസമായി പനി, ഇൻഫ്ലുവൻസ, ചിക്കൻപോക്സ്, ഷിഗല്ല തുടങ്ങിയ പകർച്ചവ്യാധികൾ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ ഡെങ്കിപ്പനിയും പടർന്നുപിടിക്കുന്നത്.
രോഗവ്യാപനം ശക്തമാകുന്നതിനിടെ പല സർക്കാർ ആശുപത്രികളിലും ആവശ്യത്തിന് മരുന്നുകളോ ഡോക്ടർമാരോ ലഭ്യമല്ലാത്തത് രോഗികളെയും ബന്ധുക്കളെയും ഒരുപോലെ വലയ്ക്കുന്നുണ്ട്. രോഗവ്യാപനം തടയുന്നതിനായി കൊതുകുനശീകരണവും ഉറവിട നശീകരണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
