ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ഇ ചലാന്റെ പിഴത്തുക അടയ്ക്കാത്തവരിൽ നിന്ന് കുടിശ്ശിക ഈടാക്കാൻ വൈദ്യുതി ബില്ലിൽ തുക ചേർക്കുന്ന കാര്യം പരിശോധിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.
ഇ ചലാനുകൾ അയക്കുന്നതിനൊപ്പം പിഴത്തുക പിരിച്ചെടുക്കുന്നതിൽ കൃത്യമായ ശ്രദ്ധ വേണമെന്ന് കോടതി വ്യക്തമാക്കി. തുക അടയ്ക്കാത്തവരുടെ വൈദ്യുതി ബില്ലിലേക്ക് ചലാൻ തുക ചേർത്താൽ, വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുമെന്ന ഭയത്താൽ ആളുകൾ കൃത്യമായി തുക അടയ്ക്കാൻ നിർബന്ധിതരാകുമെന്ന് ബെഞ്ച് നിരീക്ഷിച്ചു.
രാജ്യത്തുടനീളം വലിയ തുക ഇ ചലാൻ ഇനത്തിൽ കുടിശ്ശികയായി കിടക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. വൈദ്യുതി ബില്ലിന് പുറമെ, കുടിശ്ശികയുള്ള വാഹനങ്ങൾക്ക് ഫിറ്റ്നസ് അല്ലെങ്കിൽ പി യു സി സർട്ടിഫിക്കറ്റുകൾ നിഷേധിക്കുക, പരിവാഹൻ പോർട്ടലിൽ വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുക, ഉടമസ്ഥാവകാശ കൈമാറ്റവും ലൈസൻസ് പുതുക്കലും തടയുക തുടങ്ങിയ കർശന നടപടികൾ പരിഗണിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
