ദില്ലി: വരാനിരിക്കുന്ന ബാങ്ക് പണിമുടക്ക് കണക്കിലെടുത്ത് സെപ്റ്റംബർ 27 ഞായറാഴ്ച രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും സാധാരണ പോലെ തുറന്ന് പ്രവർത്തിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 28 മുതൽ സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന മൂന്ന് ദിവസത്തെ പണിമുടക്ക് കാരണം പൊതുജനങ്ങളുടെ ബാങ്കിംഗ് ആവശ്യങ്ങൾ തടസ്സപ്പെടാതിരിക്കാനാണ് ഈ നടപടി.
ഞായറാഴ്ച എല്ലാ ബാങ്ക് ശാഖകളും ഓഫീസുകളും എ.ടി.എമ്മുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ശാഖകളും കറൻസി ചെസ്റ്റുകളും പൂർണ്ണമായി പ്രവർത്തിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുണ്ട്. സമരം മാറ്റിവെക്കാൻ സർക്കാരും ബാങ്ക് മാനേജ്‌മെന്റുകളും യൂണിയനുകളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും സേവനങ്ങൾ തടസമില്ലാതെ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
ബാങ്കുകളിൽ ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കണമെന്ന ആവശ്യവുമായാണ് ബാങ്ക് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. 2024 മാർച്ചിലെ ശമ്പള പരിഷ്കരണ കരാറിന് കീഴിൽ അംഗീകരിച്ച ഈ ആവശ്യത്തോട് പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ വ്യക്തമാക്കി.
