കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി 12-ഓടെയായിരുന്നു അന്ത്യം. പക്ഷാഘാതം ബാധിച്ച് രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു.
മൂവായിരത്തിലധികം അനശ്വര ഗാനങ്ങൾക്ക് ഈണം പകർന്നിട്ടുള്ള അദ്ദേഹം മാപ്പിളപ്പാട്ട് ശാഖയ്ക്ക് വലിയ സംഭാവന നൽകിയ വ്യക്തിത്വമാണ്. കെ.ജെ. യേശുദാസ് പാടിയ 'കരയാനും പറയാനും മനംതുറന്നിരിക്കാനും', കെ.എസ്. ചിത്ര പാടിയ 'യത്തീമിനതാണീ' തുടങ്ങി നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റെ സംഗീതത്തിൽ പിറന്നവയാണ്. സുജാത, എം.ജി. ശ്രീകുമാർ, അഫ്സൽ, ഷഹബാസ് അമൻ തുടങ്ങിയ പ്രമുഖ ഗായകരും അദ്ദേഹത്തിന്റെ ഈണങ്ങളിൽ പാടിയിട്ടുണ്ട്.
ബാബുരാജിന്റെ സംഗീത ട്രൂപ്പിലൂടെ അരങ്ങേറിയ അദ്ദേഹം ദേവരാജൻ മാസ്റ്റർ, രവി ബോംബെ തുടങ്ങിയ പ്രതിഭകളുടെ പ്രിയപ്പെട്ട തബലിസ്റ്റ് കൂടിയായിരുന്നു. പ്രശസ്ത നടൻ മാമുക്കോയ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. 'ഈണങ്ങളുടെ സുൽത്താൻ' എന്ന പേരിൽ അദ്ദേഹത്തിന്റെ പുസ്തകം പുറത്തിറങ്ങാനിരിക്കെയാണ് വിയോഗം.
കെ.വി. സുബൈദയാണ് ഭാര്യ. മക്കൾ: ഗുലാം അലി, പരേതനായ ഫയാസ്, റോഷ്നി, ഫെമിന, സജിന. മരുമക്കൾ: സലാം, അസീസ്, അസീസ് കാഞ്ഞങ്ങാട്, സൗദാബി, അഫ്സീന. മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മാത്തോട്ടം കബർസ്ഥാൻ പള്ളിയിൽ നടക്കും.
