പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര അനാസ്ഥയും ചികിത്സാപ്പിഴവും ആരോപച്ച് കുടുംബം രംഗത്ത്. കൂടൽ സ്വദേശിനിയായ പതിനാറുകാരിക്ക് ചികിത്സയിൽ 88 വയസ്സുള്ള വൃദ്ധയുടെ എക്സ് റേ ഫിലിം മാറി നൽകുകയും അത് വച്ച് ഡോക്ടർ മരുന്ന് കുറിക്കുകയും ചെയ്തു എന്നാണ് പരാതി.
ഈ മാസം 14-നാണ് ശ്വാസംമുട്ടലിനെ തുടർന്ന് പെൺകുട്ടി ചികിത്സ തേടിയെത്തിയത്. പരിശോധനയ്ക്ക് ശേഷം ഡോക്ടർ എക്സ് റേ എടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ റേഡിയോളജി വിഭാഗത്തിൽ നിന്ന് നട്ടെല്ലിന് വളവുള്ള 88കാരിയുടെ എക്സ് റേ ഫിലിമാണ് പെൺകുട്ടിക്ക് മാറി നൽകിയത്.
എക്സ് റേ ഫിലിമിൽ രോഗിയുടെ പേരും വയസ്സും വ്യക്തമായി രേഖപ്പെടുത്തിയിരുന്നെങ്കിലും പരിശോധിച്ച ഡോക്ടർ ഇത് ശ്രദ്ധിക്കാതെ ശ്വാസതടസ്സത്തിനും വേദനയ്ക്കുമുള്ള മരുന്നുകൾ കുറിച്ചു നൽകുകയായിരുന്നു.
ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്കെതിരെ ആരോഗ്യ വകുപ്പിനും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. സംഭവം വിവാദമായതോടെ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. വിഷയത്തിൽ റേഡിയോളജി വകുപ്പ് മേധാവിയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
