തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി തകരാൻ ഇടയാക്കുന്ന പുതിയ പരിഷ്കാരങ്ങളുമായി സർക്കാർ. പദ്ധതിക്കായി ചെലവഴിച്ച തുകയുടെ ബിൽ എഇഒമാർക്ക് നൽകി ബാങ്ക് വഴി കൈപ്പറ്റിയിരുന്ന നിലവിലെ രീതി അവസാനിപ്പിച്ച് ട്രഷറി സംവിധാനം ഏർപ്പെടുത്തി. പുതിയ ബിഐഎംഎസ് (ബിൽ ഇന്‍ഫർമേഷൻ ആൻഡ് മാനേജ്‌മെന്റ് സിസ്റ്റം) വഴി സെപ്തംബർ മുതൽ ട്രഷറി വഴിയായിരിക്കും ഫണ്ട് അനുവദിച്ച് നൽകുക.
ട്രഷറി പരിശോധന പൂർത്തിയാക്കി ഉപജില്ലകളുടെ അക്കൗണ്ടുകളിലേക്കാവും തുക എത്തു ക. ജിഎസ്‌ടി രജിസ്ട്രേഷൻ വിവരങ്ങളുള്ള ബില്ലുകൾ നൽകിയാൽ മാത്രമേ തുക അനുവദിക്കൂ. വൗച്ചറുകളും ബില്ലുകളും ട്രഷറിയിൽ നൽകിയ ശേഷം ഇതിന്റെ പകർപ്പ് എഇഒ ഓഫീസിലും സമർപ്പിക്കണം. പാലും മുട്ടയും വിതരണം ചെയ്യുന്ന സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിയുടെ തുകയും ഇനി ട്രഷറി വഴിയാകും ലഭ്യമാക്കുക.
ഓൺലൈൻ സേവനങ്ങൾ വ്യാപകമായ കാലത്ത് പ്രധാനാധ്യാപകരെ വീണ്ടും ട്രഷറികൾ കയറിയിറങ്ങാൻ പ്രേരിപ്പിക്കുന്നതാണ് ഈ നടപടിയെന്ന് ആക്ഷേപമുണ്ട്. ഓരോ മാസത്തെയും തുക പാസാക്കിയെടുക്കാൻ അധ്യാപകർക്ക് പലതവണ ട്രഷറികൾ സന്ദർശിക്കേണ്ടി വരും. ബോധന പ്രവൃത്തികൾക്കൊപ്പം ബാധ്യത കൂടി വരുന്നത് പഠന പ്രവർത്തനങ്ങളെയും ബാധിക്കും. നാട്ടിൻപുറത്തെ സാധാരണ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോഴും ജിഎസ്‌ടി ബില്ലുകൾ നിർബന്ധമാക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കും.
നിലവിൽ ഉച്ചഭക്ഷണ ഫണ്ടിന്റെ 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. പോഷകാഹാര പദ്ധതിയുടെ മുഴുവൻ തുകയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. എന്നാൽ പല ജില്ലകളിലും ജൂലൈ മാസത്തെ ഫണ്ട് മാത്രമാണ് നിലവിൽ ലഭിച്ചിട്ടുള്ളത്. വിലക്കയറ്റവും ഗ്യാസ് സിലിണ്ടറുകളുടെ ഉയർന്ന ചെലവും കാരണം വലയുന്ന സ്കൂളുകൾക്ക് പുതിയ ഉത്തരവ് കൂടുതൽ തിരിച്ചടിയാവുകയാണ്.