Zygo-Ad

ആശുപത്രി ഒ.പി ബുക്കിംഗിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ്: മുന്നറിയിപ്പുമായി കേരള പോലീസ്


തിരുവനന്തപുരം: പ്രമുഖ ആശുപത്രികളുടെ ഒ.പി അപ്പോയിന്റ്മെന്റുകൾക്കായും ഫോൺ നമ്പറുകൾക്കുമായി ഗൂഗിളിൽ തിരയുന്നവരെ ലക്ഷ്യമിട്ട് വ്യാജ എ.പി.കെ (APK) ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി.

ഗൂഗിൾ സെർച്ചിൽ കാണുന്ന വ്യാജ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുമ്പോൾ, ആശുപത്രി ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പുകാർ വാട്സ്ആപ്പ് വഴി വ്യാജ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഫയലുകൾ അയച്ചു നൽകുകയാണ് ചെയ്യുന്നത്. ഇത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഉപയോക്താവിന്റെ ഫോൺ ഹാക്ക് ചെയ്യപ്പെടുകയും ബാങ്കിംഗ് വിവരങ്ങൾ, ഒ.ടി.പി, യു.പി.ഐ സേവനങ്ങൾ എന്നിവ ചോർന്ന് പണം നഷ്ടപ്പെടുകയും ചെയ്യുന്നു.

യു.പി.ഐ ലൈറ്റ് സജീവമാക്കിയിട്ടുള്ള ഫോണുകളിൽ ചെറിയ തുകകളുടെ കൈമാറ്റത്തിന് പ്രത്യേക ഒ.ടി.പി ആവശ്യമില്ലാത്തതിനാൽ 1,000 രൂപയിൽ താഴെയുള്ള ചെറിയ തുകകളുടെ തുടർച്ചയായ വ്യാജ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ അവഗണിക്കരുതെന്നും പോലീസ് വ്യക്തമാക്കുന്നു.

ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ ഗൂഗിളിൽ തിരയുമ്പോൾ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വെരിഫൈഡ് സോഷ്യൽ മീഡിയ പേജുകൾ വഴിയോ മാത്രം നമ്പറുകൾ സ്ഥിരീകരിക്കുക. വാട്സ്ആപ്പ് വഴി ലഭിക്കുന്ന എ.പി.കെ ഫയലുകൾ യാതൊരു കാരണവശാലും ഇൻസ്റ്റാൾ ചെയ്യരുത്. അപരിചിതമായ ആപ്പുകൾക്ക് അനുമതികൾ നൽകരുതെന്നും, വ്യാജ എ.പി.കെ ഇൻസ്റ്റാൾ ചെയ്തതായി സംശയം തോന്നിയാൽ ഉടൻ ഇന്റർനെറ്റ് വിച്ഛേദിച്ച് ബാങ്കുമായോ യു.പി.ഐ സർവീസ് പ്രൊവൈഡറുമായോ ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.

സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ്‌ലൈൻ നമ്പറിലോ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴിയോ പരാതി നൽകാവുന്നതാണ്.



വളരെ പുതിയ വളരെ പഴയ