അളവിൽ കൂടുതൽ വിദേശമദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിന് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. വയനാട്ടിലെ തറവാട്ടു വീട്ടിൽ നിന്ന് അനുവദനീയമായതിലും കൂടുതൽ വിദേശമദ്യവും വൈനും പിടിച്ചെടുത്തതിനെ തുടർന്ന് എക്സൈസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ആശ്വാസ ഉത്തരവ് പുറപ്പെടുവിച്ചത്.
മുമ്പ് സമാനമായ അബ്‌കാരി കേസുകളിൽ പ്രതിയല്ലെന്നതും, അന്വേഷണവുമായി ബന്ധപ്പെട്ട് തെളിവെടുപ്പും കസ്റ്റഡി ചോദ്യം ചെയ്യലും പൂർത്തിയായെന്നതും കണക്കിലെടുത്താണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം. സെപ്റ്റംബർ 17-നാണ് കേസിനാസ്പദമായ സംഭവത്തിൽ എക്സൈസ് ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
