മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപയോഗിച്ച് നടപ്പാക്കാൻ ശ്രമിച്ച വൻ സ്വർണക്കടത്ത് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച നിലയിൽ 50 ലക്ഷം രൂപ വിലവരുന്ന 500 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. ഇതിനുപുറമേ, കുഞ്ഞിന്റെ പിതാവിന്റെ ശരീരത്തിൽ ഒളിപ്പിച്ച 500 ഗ്രാം സ്വർണവും പിടിച്ചെടുത്തു. രണ്ട് കേസുകളിലായി ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് ഡിആർഐ സംഘം പിടിച്ചെടുത്തത്.
ചൊവ്വാഴ്ച അർധരാത്രിയോടെ റാസൽഖൈമയിൽ നിന്നെത്തിയ പൊന്നാനി സ്വദേശിയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. കുട്ടികളുടെ സാന്നിധ്യം ഉപയോഗിച്ച് പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതാണോയെന്നും മുൻ യാത്രകളിലും കുട്ടികളെ ഇതിനായി ഉപയോഗിച്ചിട്ടുണ്ടോയെന്നും ഡിആർഐ അന്വേഷിക്കുന്നുണ്ട്.
മറ്റൊരു സംഭവത്തിൽ ബുധനാഴ്ച പുലർച്ചെ ഗൾഫിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് കോഫി മെഷീനിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോ സ്വർണവും ഡിആർഐ പിടിച്ചെടുത്തു. ഈ കേസിൽ പിടിയിലായ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ വിധേയമായി പുറത്തുവിട്ടിട്ടില്ല.
