മലപ്പുറം: സ്ത്രീവിരുദ്ധ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ താൻ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഇസ്ലാമിക നിയമങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്കോ വ്യക്തികൾക്കോ വേണ്ടി തിരുത്തി പറയേണ്ടതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ആരുടെയും അഭിപ്രായപ്രകാരമോ ഇഷ്ടാനുസൃതമോ അല്ല പണ്ഡിതന്മാർ മതവിധികൾ പ്രഖ്യാപിക്കുന്നത്. മലപ്പുറം ചെമ്മാട് ഖുത്തുബുസ്സമാൻ സ്കൂളിൽ നടന്ന സമസ്ത സെന്റിനറി സ്വാഗത സംഘ രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സമസ്ത എക്കാലത്തും കാര്യങ്ങൾ വ്യക്തമായി ആലോചിച്ച് പരിശോധിച്ചാണ് നിലപാടുകൾ വ്യക്തമാക്കാറുള്ളത്. അതുകൊണ്ടുതന്നെ സമസ്ത പണ്ഡിതന്മാർക്ക് ഒരിക്കൽ പറഞ്ഞ കാര്യം പിന്നീട് തിരുത്തി പറയേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
