Zygo-Ad

മാറ്റിവച്ച സഹകരണ ബാങ്ക് പരീക്ഷകൾ നീളുന്നു: ഉദ്യോഗാർഥികൾ പ്രതിഷേധത്തിൽ

 


ജൂലൈ ആഗസ്‌ത്‌ മാസങ്ങളിൽ നടത്താനിരുന്ന സഹകരണ ബാങ്ക് സംഘം പരീക്ഷകൾ മാറ്റിവച്ച് മൂന്നുമാസം പിന്നിട്ടിട്ടും തുടർനടപടികൾ വൈകുന്നതിൽ ഉദ്യോഗാർഥികളിൽ പ്രതിഷേധം ശക്തമാകുന്നു. സഹകരണ സർവീസ് പരീക്ഷാ ബോർഡ് ഉടൻ രൂപീകരിച്ച് പരീക്ഷകൾ നടത്തുമെന്ന സഹകരണ മന്ത്രിയുടെ ഉറപ്പും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.

പഠനവും ജോലിയും മാറ്റിവച്ച് മാസങ്ങളായി തയ്യാറെടുക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികളെയാണ് പരീക്ഷാ ബോർഡിന്റെ അനാസ്ഥ പ്രതികൂലമായി ബാധിക്കുന്നത്. പ്രായപരിധി അവസാനിക്കാറായ ഉദ്യോഗാർഥികൾ ഇതോടെ വലിയ ആശങ്കയിലായിട്ടുണ്ട്. വിഷയം പലതവണ സഹകരണ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വ്യക്തമായ വിശദീകരണമോ പരിഹാരമോ ലഭിച്ചില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.

വിജ്ഞാപന നമ്പർ 09/26, 10/26, 11/26, 12/26 പ്രകാരം ജൂലൈ 11, 26, ആഗസ്‌ത്‌ 8, 16 തീയതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് ജൂൺ 24ന് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന ഒറ്റവരി അറിയിപ്പിന് ശേഷം മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല. സർക്കാർ നിർദേശപ്രകാരമാണ് പരീക്ഷകൾ മാറ്റിയതെന്നും പുതിയ തീയതികളെക്കുറിച്ച് വ്യക്തതയില്ലെന്നുമാണ് ബോർഡിന്റെ വിശദീകരണം.

ഭരണമാറ്റത്തെത്തുടർന്ന് സഹകരണ വകുപ്പിന് കീഴിലുള്ള വിവിധ ബോർഡുകളുടെ ഭരണസമിതികൾ രാജിവച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പ്രധാന തസ്തികകളിൽ ഉദ്യോഗസ്ഥരില്ലാത്തതും പുതിയ ബോർഡ് രൂപീകരണം നീളുന്നതും പരീക്ഷാ ബോർഡിന്റെ പ്രവർത്തനങ്ങളെ പൂർണമായി സ്തംഭിപ്പിച്ചിരിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ