Zygo-Ad

സി.എം.ആർ.എൽ - എക്സാലോജിക് ഇടപാടിൽ ഇ.ഡി ചോദ്യം ചെയ്യൽ മൂന്നാം ഘട്ടത്തിലേക്ക്; മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ നീക്കം


തിരുവനന്തപുരം: സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മൂന്നാംഘട്ട ചോദ്യം ചെയ്യൽ ആരംഭിച്ചു. അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ സി.എം.ആർ.എൽ ജീവനക്കാരെയാണ് ഇ.ഡി നിലവിൽ ചോദ്യം ചെയ്യുന്നത്.

വിഷയത്തിൽ സംസ്ഥാന സർക്കാർ പ്രാഥമിക വിവര റിപ്പോർട്ട് (എഫ്.ഐ.ആർ) രജിസ്റ്റർ ചെയ്യുകയാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (PMLA) പ്രകാരം കേസെടുക്കാനാണ് ഇ.ഡിയുടെ ആലോചന.

ഇതുമായി ബന്ധപ്പെട്ട നിയമോപദേശം നടപ്പുമാസം 17-ഓടെ ലഭിക്കുമെന്നാണ് വിവരം. അഡ്വക്കറ്റ് ജനറലും ഡി.ജി.പിയുമാണ് സർക്കാരിന് നിയമോപദേശം നൽകുന്നത്. ഹവാല ഇടപാടുകൾ ചൂണ്ടിക്കാട്ടി ഇ.ഡി പുറത്തുവിട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നേരത്തെ സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയിരുന്നു. സംഭവത്തിൽ സർക്കാരിന് പ്രാഥമിക അന്വേഷണമെങ്കിലും നടത്തേണ്ടി വരുമെന്നാണ് വിലയിരുത്തൽ.



വളരെ പുതിയ വളരെ പഴയ