കൊച്ചി: സംസ്ഥാനത്തെ എ.ഐ ക്യാമറകൾ കണ്ടെത്തിയ ട്രാഫിക് നിയമലംഘനങ്ങൾക്കായി മോട്ടോർ വാഹന വകുപ്പ് ചുമത്തിയ ആകെ പിഴത്തുക 1000 കോടി രൂപ പിന്നിട്ടു. എന്നാൽ ഇതിൽ 365 കോടി രൂപ മാത്രമാണ് വാഹന ഉടമകളിൽ നിന്ന് ഇതുവരെ ഈടാക്കാനായത്. ബാക്കി 635 കോടി രൂപയും കുടിശ്ശികയായി തുടരുകയാണ്.
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ.ഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ശേഷം മൂന്ന് വർഷത്തിനിടെ ഒന്നരക്കോടിയോളം നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 78 കോടി രൂപയുടെ പിഴ പുതുതായി ചുമത്തി. കുടിശ്ശിക തുക പിരിച്ചെടുക്കാൻ സർക്കാർ ആംനെസ്റ്റി സ്കീം ഉൾപ്പെടെയുള്ള ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല.
2023 ജൂണിലാണ് 220 കോടി രൂപ ചെലവഴിച്ച് 675 എ.ഐ ക്യാമറകൾ അടങ്ങുന്ന സേഫ് കേരള പദ്ധതിക്ക് തുടക്കമിട്ടത്. നിലവിൽ പിരിച്ചെടുത്ത 365 കോടി രൂപ തന്നെ പദ്ധതി ചെലവിന്റെ ഒന്നര ഇരട്ടിയിലധികമാണ്. എ.ഐ ക്യാമറകൾ വന്നതോടെ റോഡ് സുരക്ഷയിൽ വലിയ മാറ്റമുണ്ടായെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ.
