Zygo-Ad

വ്യാജ ട്രാഫിക് ചലാൻ സന്ദേശങ്ങളിൽ വീഴരുത്: മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്


തിരുവനന്തപുരം: ട്രാഫിക് ചലാൻ അടയ്ക്കാനുണ്ടെന്ന് കാണിച്ച് വാട്സാപ്പ് വഴി എത്തുന്ന വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന് മോട്ടോർ വാഹന വകുപ്പിന്റെ (എം.വി.ഡി) ജാഗ്രതാ നിർദ്ദേശം. സാമ്പത്തിക തട്ടിപ്പുകാർ തയ്യാറാക്കുന്ന കെണികളിൽ പെടാതിരിക്കാൻ ഔദ്യോഗിക മാർഗ്ഗങ്ങൾ മാത്രം ഉപയോഗിച്ച് പിഴ പരിശോധിക്കാനും അടയ്ക്കാനും വാഹന ഉടമകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

വാഹനത്തിന് പിഴ നിലവിലുണ്ടോ എന്ന് പരിശോധിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ echallan.parivahan.gov.in മാത്രം ഉപയോഗിക്കുക. രാജ്യത്ത് എവിടെ വെച്ച് ചലാൻ ലഭിച്ചിട്ടുണ്ടെങ്കിലും ഈ വെബ്‌സൈറ്റിൽ വാഹന നമ്പറോ ചലാൻ നമ്പറോ നൽകിയാൽ വിവരങ്ങൾ അറിയാനും സുരക്ഷിതമായി പണം അടയ്ക്കാനും സാധിക്കും. സ്വയം പണമടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി പിഴയടയ്ക്കാം.

കോടതി നടപടികളിലേക്ക് മാറ്റിയ ചലാനുകളുടെ കാര്യത്തിൽ ബന്ധപ്പെട്ട ആർ.ടി. ഓഫീസുമായോ പോലീസ് സ്റ്റേഷനുമായോ നേരിട്ട് ബന്ധപ്പെടേണ്ടതാണ്. പോലീസിന്റെയോ മോട്ടോർ വാഹന വകുപ്പിന്റെയോ പേരിൽ വരുന്ന വ്യാജ സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ബാങ്ക് വിവരങ്ങൾ കൈമാറരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.



വളരെ പുതിയ വളരെ പഴയ