Zygo-Ad

വന്ദേമാതരം: ഒരു നിർദേശവും നൽകിയിട്ടില്ലെന്ന് രാജ്ഭവൻ; ചീഫ് സെക്രട്ടറിയുടെ കത്തിൽ സർക്കാർ പ്രതിരോധത്തിൽ

 


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി ആലപിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന വിശദീകരണവുമായി രാജ്ഭവൻ രംഗത്തെത്തി. ഈ വിഷയത്തിൽ യാതൊരുവിധ നിർദേശവും നൽകിയിട്ടില്ലെന്നാണ് രാജ്ഭവൻ വ്യക്തമാക്കിയത്. ഗവർണറുടെ നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറി വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് നിർദേശിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ ഇതുവരെ പ്രതിരോധം തീർത്തിരുന്നത്.

എന്നാൽ രാജ്ഭവന്റെ പുതിയ വിശദീകരണം പുറത്തുവന്നതോടെ സർക്കാർ വീണ്ടും സങ്കീർണ്ണമായ അവസ്ഥയിലായിരിക്കുകയാണ്. വന്ദേമാതരം പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരുന്നു. സർക്കാർ പുറത്തിറക്കിയ സർക്കുലർ ഗവർണറുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി മറികടന്നുവെന്നാണ് മന്ത്രിമാർ വ്യക്തമാക്കിയത്.

ഓഗസ്റ്റ് നാലാം തീയതിയാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി സർക്കാർ സർക്കുലർ പുറത്തിറക്കിയത്. എന്നാൽ രണ്ട് ദിവസങ്ങൾക്ക് ശേഷം, സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിർദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന കത്ത് ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പിന് അയക്കുകയായിരുന്നു. ഈ വിവാദ സർക്കുലർ മുൻനിർത്തി സർക്കാർ ബിജെപിക്ക് പൂർണമായും കീഴടങ്ങിയതായി സിപിഎം ആരോപിച്ചു.

വളരെ പുതിയ വളരെ പഴയ