നിടുംപൊയിൽ: അതിശക്തമായ മഴയിൽ റോഡിലേക്ക് വീണ മരവും മണ്ണും നീക്കം ചെയ്ത് നിടുംപൊയിൽ - പേര്യ റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു. പേരാവൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ നടത്തിയ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾക്കൊടുവിലാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്.
ഇന്നലെ രാത്രിയോടെയാണ് മരവും മണ്ണും വീണ് ഈ റൂട്ടിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടത്. കൊട്ടിയൂർ - ബോയ്‌സ് ടൗൺ റോഡിലെ പാൽച്ചുരത്തിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഇന്നലെ വൈകുന്നേരം 6 മണി മുതൽ യാത്ര നിരോധിച്ചിരുന്നു.
പാൽച്ചുരത്തിന് പിന്നാലെ നിടുംപൊയിൽ ചുരത്തിലും ഗതാഗതം തടസ്സപ്പെട്ടതോടെ കണ്ണൂർ ജില്ലയിൽ നിന്ന് വയനാട്ടിലേക്കുള്ള യാത്രാബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു. നിലവിൽ നിടുംപൊയിൽ വഴി ഗതാഗതം പുനഃസ്ഥാപിച്ചത് യാത്രക്കാർക്ക് വലിയ ആശ്വാസമായിട്ടുണ്ട്.
