തിരുവനന്തപുരം: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വലയുന്ന വിവിധ സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ 2,117 കോടി രൂപയുടെ അടിയന്തര ധനസഹായം അനുവദിച്ചു. എന്നാൽ തീവ്രമഴയിലും പ്രകൃതിദുരന്തങ്ങളിലും വൻ നാശനഷ്ടം നേരിട്ട കേരളത്തെ പട്ടികയിൽ നിന്നും ഒഴിവാക്കി.
ദുരന്ത നിവാരണ ഫണ്ടിൽ നിന്നും വിവിധ സംസ്ഥാനങ്ങൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് തുക അനുവദിച്ചത്. സംസ്ഥാനത്ത് വ്യാപകമായി വീടുകൾ തകരുകയും കൃഷിനാശവും മണ്ണിടിച്ചിലും ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര തീരുമാനം വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സഹായം പ്രതീക്ഷിച്ചിരുന്ന കേരളത്തിന് തുക അനുവദിക്കാത്തതിൽ സംസ്ഥാന സർക്കാരും ശക്തമായ അമർഷം രേഖപ്പെടുത്തി. വിഷയം കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്യുമെന്നും അർഹമായ അടിയന്തര സഹായം ലഭ്യമാക്കാൻ സമ്മർദ്ദം ചെലുത്തുമെന്നും അധികൃതർ വ്യക്തമാക്കി.
