തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി നേരിട്ടിരുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. പദ്ധതി തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി കേന്ദ്ര-സംസ്ഥാന ഫണ്ടുകളിൽ നിന്നുള്ള സംസ്ഥാന വിഹിതം അനുവദിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഭരണാനുമതി നൽകി.
ഫണ്ട് കുടിശ്ശികയായതിനെ തുടർന്ന് സ്കൂൾ പ്രധാനാധ്യപകരും കൗൺസിലുകളും കടുത്ത സാമ്പത്തിക ബാധ്യതയിലാവുകയും പദ്ധതി പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു. സംസ്ഥാന വിഹിതത്തിന് ഭരണാനുമതി ലഭിച്ചതോടെ പ്രധാന അധ്യാപകർക്ക് ലഭിക്കാനുള്ള കുടിശ്ശിക തുക തദ്ദേശ സ്ഥാപനങ്ങൾ വഴിയും ബാങ്ക് അക്കൗണ്ടുകൾ വഴിയും ഉടൻ ലഭ്യമാക്കും.
കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്തതും ഫണ്ട് കൈമാറ്റത്തിലെ സാങ്കേതിക തടസ്സങ്ങളുമാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം. അടിയന്തരമായി ഫണ്ട് അനുവദിച്ചതോടെ ഉച്ചഭക്ഷണ വിതരണം മുടങ്ങുമെന്ന ആശങ്കയ്ക്ക് താൽക്കാലിക ശമനമായി.
