തിരുവനന്തപുരം: വലിയ ജാഗ്രതാനിർദേശം ഇല്ലാത്ത പ്രദേശങ്ങളിൽപോലും പ്രളയസമാനമായ അതിതീവ്രമഴ പെയ്യുന്നതിന് കാരണം 'ലഘുമേഘസ്ഫോടനം' (Micro-cloudburst) ആണെന്ന് വിലയിരുത്തൽ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് 'ഗ്രീൻ' അല്ലെങ്കിൽ 'യെലോ' അലർട്ട് നൽകിയ ജില്ലകളിൽപോലും പ്രവചനങ്ങളെ കാറ്റിൽപ്പറത്തിയാണ് കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര പേമാരി പെയ്തിറങ്ങിയത്.
ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ നിശ്ചിത പ്രദേശത്ത് വൻതോതിൽ മഴ പെയ്യുന്ന സാഹചര്യമാണ് ലഘുമേഘസ്ഫോടനത്തിലേക്ക് നയിക്കുന്നത്. യെലോ അലർട്ട് നൽകിയിരുന്ന പാലക്കാട്, തൃശൂർ, മലപ്പുറം തുടങ്ങിയ ജില്ലകളിൽ റെഡ് അലർട്ടിന് സമാനമായ മഴ പെയ്തതോടെ കാലാവസ്ഥാ വകുപ്പിന് പിന്നീട് ജാഗ്രതാ മുന്നറിയിപ്പ് മാറ്റിനൽകേണ്ടി വന്നു. പലയിടത്തും 20 സെന്റീമീറ്ററിൽ കൂടുതൽ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് 30 സെന്റീമീറ്റർ വരെയാണ് പെയ്തിറങ്ങിയത്.
പശ്ചിമഘട്ട മലനിരകളുടെ പ്രത്യേകതകൾ, ഭൂവിനിയോഗത്തിൽ വന്ന മാറ്റങ്ങൾ, പരിസ്ഥിതിലോല പ്രദേശങ്ങളിലെ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിർമാണപ്രവർത്തനങ്ങൾ എന്നിവ ഇത്തരത്തിലുള്ള അപ്രതീക്ഷിത അതിതീവ്ര മഴയ്ക്ക് ആഘാതം കൂട്ടുന്നുവെന്ന് പരിസ്ഥിതി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
