Zygo-Ad

പണിപൂർത്തിയായ വീടിനടിയിൽ ഗുഹാവലുപ്പത്തിൽ ഗർത്തവും വെള്ളച്ചാലും; ആശങ്കയിൽ കുടുംബം.


കാസർഗോഡ്: ഏറെക്കാലത്തെ പരിശ്രമത്തിനൊടുവിൽ പണിപൂർത്തിയാക്കിയ സ്വപ്നവീട്ടിൽ കയറിത്താമസിക്കാൻ കഴിയാതെ കാസർഗോഡ് ആനക്കല്ല് ഒറ്റമാവുങ്കലിലെ സദനും കുടുംബവും പ്രതിസന്ധിയിൽ. വീടിന് തൊട്ടടിയിൽ ഗുഹാസമാനമായ വലിയ ഗർത്തവും നീർച്ചാലും കണ്ടെത്തിയതാണ് ഈ കുടുംബത്തെ കണ്ണീരിലാഴ്ത്തിയത്.

മൂന്ന് വർഷത്തെ പ്രയത്നത്തിനൊടുവിലാണ് സദൻ വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഈ മാസം 28-ന് പാലുകാച്ചൽ ചടങ്ങ് നിശ്ചയിച്ച് ബന്ധുക്കളെയും നാട്ടുകാരെയും ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ അവസാനഘട്ടത്തിൽ സെപ്റ്റിക് ടാങ്കിനായി കുഴിയെടുത്തപ്പോഴാണ് ഭൂമിക്കടിയിലെ കൂറ്റൻ ഗർത്തം ശ്രദ്ധയിൽപ്പെട്ടത്.

വീടിനടിയിൽ 10 അടിയോളം വ്യാസത്തിലും 150 മീറ്ററിലേറെ നീളത്തിലുമാണ് ഈ ഗർത്തമുള്ളത്. ഉള്ളിൽ ശക്തമായ വെള്ളച്ചാലുമുണ്ട്. ഇതിനിടെ മണ്ണിടിച്ചിൽ ഉണ്ടാകുമ്പോൾ സമീപത്തെ തോട്ടത്തിലെ കുളത്തിൽ വെള്ളം കലങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് ഭൂഗർഭ ശാസ്ത്രജ്ഞർ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. സുരക്ഷിതമല്ലാത്തതിനാൽ ഇനി ഈ വീട്ടിൽ താമസിക്കാൻ കഴിയില്ലെന്ന ആശങ്കയിലാണ് കുടുംബം.



വളരെ പുതിയ വളരെ പഴയ