അമ്പലപ്പുഴ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മുട്ടിലിഴഞ്ഞ് റെയിൽവേ പാളത്തിലേക്ക് കയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ കാക്കാഴം പുതുവൽ വീട്ടിൽ വിനീതിന്റെയും സൂര്യാ ബാബുവിന്റെയും മകൻ ദൃണവ് ആണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു ദുരന്തം സംഭവിച്ചത്. റെയിൽവേ പാളത്തിന് സമീപത്തുള്ള അമ്മവീട്ടിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. മുറ്റത്തിരുന്ന് കളിക്കുന്നതിനിടെ കുട്ടി ഇഴഞ്ഞ് പാളത്തിലേക്ക് കയറിയ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല.
എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന മെമു ട്രെയിനാണ് കുട്ടിയെ ഇടിച്ചത്. അപകടത്തെ തുടർന്ന് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
