തൃശൂർ: ഓണാഘോഷങ്ങൾക്ക് വിരാമമിട്ട് തൃശൂരിൽ ഇന്ന് ലോകപ്രശസ്തമായ പുലിക്കളി മഹോത്സവം നടക്കും. വൈകിട്ട് 4 മണിയോടെ സ്വരാജ് റൗണ്ടിൽ പുലിക്കളിയാഘോഷത്തിന് തുടക്കമാകും. ഇത്തവണ 9 സംഘങ്ങളിലായി 450-ഓളം പുലികളാണ് നഗരത്തിൽ ചുവടുവെക്കാനിറങ്ങുന്നത്. വിയ്യൂർ യുവജനസംഘം, കുട്ടൻകുളങ്ങര, പാട്ടുരായ്ക്കൽ, പൂങ്കുന്നം സീതാറാം മിൽ, ചക്കാമുക്ക്, കാനാട്ടുകര, ഒളരിക്കര, ശങ്കരംകുളങ്ങര, അയ്യന്തോൾ എന്നീ ദേശങ്ങളാണ് ഇത്തവണ പുലിമടകളിൽ നിന്ന് ഇറങ്ങുന്നത്. ഇതിൽ ഒളരിക്കര ദേശം ആദ്യമായാണ് പങ്കാളികളാകുന്നത്.
വൈകിട്ട് 4-ന് ബിനി ജങ്ഷനിൽ മന്ത്രി ഒ.ജെ. ജനീഷ് ഫ്ലാഗ് ഓഫ് നിർവഹിക്കും. കുട്ടികളും വനിതകളും ഉൾപ്പെടെ അണിനിരക്കുന്ന ഓരോ സംഘത്തോടൊപ്പവും പുരാണ-സമകാലിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള നിശ്ചല ദൃശ്യങ്ങളും താളമേളങ്ങളും അകമ്പടിയാകും. രാത്രി 10-ഓടെ ആഘോഷങ്ങൾക്കും വിധിനിർണ്ണയത്തിനും സമാപനമാകും.
