തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളിൽ സമൃദ്ധിയുടെയും സൗഹാർദ്ദത്തിന്റെയും വിത്തുപാകി ഇന്ന് തിരുവോണം. കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ ഓണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുപോലെ സജ്ജമായിക്കഴിഞ്ഞു.
കോവിഡ് അടക്കമുള്ള പ്രതിസന്ധികൾക്ക് ശേഷം നിയന്ത്രണങ്ങളില്ലാതെ എത്തിയ ഈ തിരുവോണ നാളിൽ വീടുകളിൽ മനോഹരമായ പൂക്കളങ്ങളൊരുക്കിയും വിഭവസമൃദ്ധമായ ഓണസദ്യ തയാറാക്കിയുമാണ് മലയാളികൾ ആഘോഷിക്കുന്നത്. നാടെങ്ങും ഓണക്കളികളും സാംസ്കാരിക പരിപാടികളും നടക്കുമ്പോൾ, പ്രവാസി മലയാളികളും വിദേശമണ്ണിൽ തിരുവോണം ആഘോഷമാക്കുകയാണ്. മാവേലി തമ്പുരാനെ മനസ്സിൽ ധ്യാനിച്ച് വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരും ഒന്നിച്ചിരിക്കുന്ന തിരുവോണദിനം മലയാളികൾക്ക് വീണ്ടും പ്രത്യാശയുടെ സന്ദേശമാണ് നൽകുന്നത്.
