ന്യൂഡൽഹി: പ്രായമായ മാതാപിതാക്കളുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കുന്നതിനായി മുതിർന്ന പൗരന്മാരുടെ ട്രൈബ്യൂണലുകൾക്ക് സ്വത്തുക്കളിൽ നിന്ന് വ്യക്തികളെ ഒഴിപ്പിക്കാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധി. സമൂഹത്തിൽ മുതിർന്ന പൗരന്മാർ നേരിടുന്ന അവഗണനയും അരക്ഷിതാവസ്ഥയും തടയുന്നതിനാണ് ഈ നിയമനിർമ്മാണം ലക്ഷ്യമിടുന്നതെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
മാതാപിതാക്കൾ വെറും ആശ്രിതർ മാത്രമല്ല, മറിച്ച് കുടുംബത്തിന്റെയും സമൂഹത്തിന്റെയും അനുഭവസമ്പത്താണെന്നും കോടതി ഓർമ്മിപ്പിച്ചു. മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള നിയമപ്രകാരം ട്രൈബ്യൂണലുകൾക്ക് നൽകിയിട്ടുള്ള അധികാരങ്ങൾ വ്യക്തികളെ ഒഴിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾക്ക് പ്രാപ്തമാണെന്ന് കോടതി വ്യക്തമാക്കി.
