തിരുവനന്തപുരം: കേരള ബാങ്കിന് ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങൾ ആരംഭിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അനുമതി ലഭിച്ചു. ഇതോടെ ബാങ്ക് ശാഖകളിൽ നേരിട്ടെത്താതെ തന്നെ ഉപയോക്താക്കൾക്ക് മുഴുവൻ സമയവും (24X7) ബാങ്കിങ് സേവനങ്ങൾ ലഭ്യമാകും.
വ്യക്തിഗത ഉപയോക്താക്കൾക്ക് പുറമെ ബാങ്കിന്റെ അംഗസംഘങ്ങളായ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. അംഗസംഘങ്ങൾക്ക് കേരള ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ആർടിജിഎസ് (RTGS), എൻഇഎഫ്ടി (NEFT) ഉൾപ്പെടെയുള്ള സേവനങ്ങൾ ഓൺലൈനായി നിർവഹിക്കാം.
സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവർക്ക് ഫണ്ട് ട്രാൻസ്ഫർ, ബൾക്ക് പേയ്മെന്റുകൾ, അക്കൗണ്ട് മാനേജ്മെന്റ് എന്നിവയും ഓൺലൈനായി ലഭ്യമാകും. ക്യൂആർ കോഡ് (QR Code), ഇപിഒഎസ് (EPOS) സേവനങ്ങളും ഉടൻ തന്നെ ആരംഭിക്കും.
2019-ൽ രൂപീകൃതമായ കേരള ബാങ്ക് കോർ ബാങ്കിങ് സംവിധാനം ഏകീകരിക്കുകയും കെബി പ്രൈം, കെബി പ്രൈം പ്ലസ് മൊബൈൽ ആപ്പുകൾ വഴി യുപിഐ സേവനങ്ങൾ നൽകിവരികയും ചെയ്യുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 9.8 കോടി ഇടപാടുകളിലൂടെ 16,041.25 കോടി രൂപയുടെ വിനിമയമാണ് യുപിഐ വഴി നടന്നത്. നിലവിൽ 1,28,697 കോടി രൂപയുടെ ആകെ ബിസിനസാണ് കേരള ബാങ്കിനുള്ളത്.
