തിരുവനന്തപുരം: കരയിലും കടലിലും ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ വീണ്ടും ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ - ബംഗ്ലാദേശ് തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കും. കൂടാതെ മധ്യപ്രദേശിന് മുകളിലും മറ്റൊരു ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്.
ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് മഴ വ്യാപിക്കും. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും ഓഗസ്റ്റ് 14-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മലയോര മേഖലകളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്.
അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. നാളെ പുലർച്ചെ വരെ 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
