നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ലാത്തൂരിലെ കോച്ചിംഗ് സെന്റർ ഉടമയുടെ മകന് 132 ചോദ്യങ്ങളും ഉത്തരങ്ങളും ചോർത്തി നൽകിയതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. എൻടിഎ പാനലിലെ കെമിസ്ട്രി വിദഗ്ദ്ധനായ പ്രഹ്ലാദ് കുൽക്കർണിയാണ് ചോദ്യങ്ങൾ ചോർത്തിയത്. ലാത്തൂരിലെ സിദ്ധിവിനായക് ആശുപത്രിയിലെ ഡീലക്സ് റൂമിൽ വെച്ചാണ് വിദ്യാർത്ഥിക്ക് രഹസ്യ ക്ലാസുകൾ നൽകിയത്.
മൂന്ന് ദിവസങ്ങളിലായി നടന്ന ക്ലാസുകൾക്കിടെ 132 കെമിസ്ട്രി ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വിദ്യാർത്ഥിക്ക് എഴുതി നൽകുകയായിരുന്നു. കേസിലെ മുഖ്യപ്രതിയും രേണുകായ് കോച്ചിംഗ് സെന്റർ ഉടമയുമായ ശിവരാജ് മൊട്ടേഗാവങ്കറുടെ മകനാണ് ചോദ്യങ്ങൾ ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എൻടിഎ വിദഗ്ദ്ധനായ കുൽക്കർണിയെയും ആശുപത്രി ഉടമ ഡോ. മനോജ് ഷിരൂരെയെയും സിബിഐ അറസ്റ്റ് ചെയ്തു. ചോദ്യങ്ങളും ഉത്തരങ്ങളും എഴുതിയെടുത്ത നോട്ട്ബുക്ക് പരീക്ഷയ്ക്ക് ശേഷം ആക്രിക്കാരന് വിറ്റതായി വിദ്യാർത്ഥി മൊഴി നൽകിയിട്ടുണ്ട്.
ജൂലൈ 28-നാണ് സിബിഐ ഡൽഹി കോടതിയിൽ ഈ സുപ്രധാന കുറ്റപത്രം സമർപ്പിച്ചത്. അഴിമതി നിരോധന നിയമം, പൊതുപരീക്ഷാ നിയമം എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒന്നരമാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ഡൽഹി, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും എൻടിഎയിൽ ചോദ്യപേപ്പർ തയ്യാറാക്കാൻ എത്തിയവരും പ്രതിപ്പട്ടകയിലുണ്ട്. മേയ് ഒന്നിന് രാജസ്ഥാനിലെ സിക്കറിൽ പ്രചരിച്ച മാതൃകാ ചോദ്യപേപ്പറിന് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം കണ്ടെത്തിയതോടെയാണ് ക്രമക്കേട് പുറത്തറിഞ്ഞത്.
