തിരുവനന്തപുരം: വിവിധ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നും ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ നടത്തുന്ന അനിശ്ചിതകാല സമരം 35 ദിവസം പിന്നിടുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ പുല്ല് തിന്ന് വേറിട്ട രീതിയിൽ പ്രതിഷേധിച്ചു.
സർക്കാരിന്റെ അവഗണനയിലും ഉദ്യോഗാർത്ഥികളോടുള്ള നിഷേധാത്മക നിലപാടിലും പ്രതിഷേധിച്ചാണ് വേറിട്ട സമരമുറയുമായി റാങ്ക് ഹോൾഡേഴ്സ് രംഗത്തെത്തിയത്. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം ശക്തമായി തുടരുമെന്ന് സമരസമിതി ഭാരവാഹികൾ വ്യക്തമാക്കി.
മുട്ടിലിഴഞ്ഞും പട്ടിണി കിടന്നും തലമുണ്ഡനം ചെയ്തും ഇതിനോടകം വിവിധ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉദ്യോഗാർത്ഥികൾ സംഘടിപ്പിച്ചിരുന്നു. സമരം ഒരു മാസത്തിലധികം പിന്നിട്ടിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ചർച്ചകൾക്കോ പരിഹാരത്തിനോ ഉള്ള നീക്കങ്ങൾ ഉണ്ടാകാത്തതിൽ ശക്തമായ അമർഷത്തിലാണ് ഉദ്യോഗാർത്ഥികൾ.
