Zygo-Ad

വിദ്യാർത്ഥികൾക്കെതിരായ വിദ്വേഷ പരാമർശം: ടി. ജി. മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയിൽ ഹാജരാക്കും.


തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടിൽ ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ യൂട്യൂബ് ചാനലിലൂടെ വിദ്വേഷ പരാമർശവും വധഭീഷണിയും മുഴക്കിയ കേസിൽ സംഘപരിവാർ സഹയാത്രികൻ ടി. ജി. മോഹൻദാസിന്റെ അറസ്റ്റ് തിരുവനന്തപുരം സൈബർ പോലീസ് രേഖപ്പെടുത്തി.

ഞായറാഴ്ച വൈകുന്നേരത്തോടെ കൊച്ചി മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത മോഹൻദാസിനെ അർദ്ധരാത്രിയോടെയാണ് തിരുവനന്തപുരത്തെത്തിച്ചത്. ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷം ഇന്ന് (ഓഗസ്റ്റ് 10) രാവിലെ ഇയാളെ കോടതിയിൽ ഹാജരാക്കും. കേസിന് ആസ്പദമായ വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ തെളിവുകളായ മൊബൈൽ ഫോണും ലാപ്ടോപ്പും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കലാപാഹ്വാനം, വിദ്വേഷ പ്രസംഗം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തിരിക്കുന്നത്. എ.ഐ.വൈ.എഫ് (AIYF) സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്മോൻ ഉൾപ്പെടെ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. അതേസമയം, അവധി ദിവസം നോക്കിയുള്ള അറസ്റ്റ് നാടകം വിവേചനപരമാണെന്ന് ബി.ജെ.പി നേതൃത്വം പ്രതികരിച്ചു.



വളരെ പുതിയ വളരെ പഴയ