കണ്ണൂർ: ജില്ലയിലെ പട്ടണങ്ങളെ കൂടുതൽ വൃത്തിയും സൗന്ദര്യവുമുള്ളവയാക്കി മാറ്റാൻ ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം ആവിഷ്കരിച്ച 'ബീക്കൺ ടൗൺ' (Project Beacon Town) പദ്ധതിക്ക് തുടക്കമായി. ഓരോ തദ്ദേശ സ്ഥാപനപരിധിയിലെയും തിരഞ്ഞെടുക്കപ്പെട്ട പ്രധാന പട്ടണങ്ങളെ മാതൃകാ ടൗണുകളാക്കി മാറ്റുകയാണ് പദ്ധതിയുടെ ആദ്യഘട്ടം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെയും ജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.
ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ രണ്ട് വരെ നീളുന്ന ഒന്നാം ഘട്ടത്തിൽ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കുന്ന ശുചിത്വ-മാലിന്യ സംസ്കരണ-സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കും. സർവേയിലൂടെ നിലവിലെ പോരായ്മകൾ കണ്ടെത്തി കർമ്മപദ്ധതി തയ്യാറാക്കും. മാലിന്യങ്ങൾ നിക്ഷേപിക്കുന്ന കേന്ദ്രങ്ങൾ ശുചീകരിക്കൽ, പൊതുശൗചാലയങ്ങൾ പ്രവർത്തനക്ഷമമാക്കൽ, അനധികൃത ബോർഡുകൾ നീക്കം ചെയ്യൽ, ഓണം പ്രമാണിച്ച് ഗ്രീൻ പ്രോട്ടോകോൾ പാലിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഈ ഘട്ടത്തിൽ പ്രാധാന്യം നൽകും.
ഒക്ടോബർ മൂന്ന് മുതൽ മാർച്ച് 31 വരെയുള്ള രണ്ടാം ഘട്ടത്തിൽ നടപ്പാത, ഡ്രെയിനേജ്, തെരുവുവിളക്കുകൾ, പാർക്കിംഗ് ക്രമീകരണം, സി.സി.ടി.വി സ്ഥാപിക്കൽ, പോക്കറ്റ് പാർക്കുകൾ തുടങ്ങിയ കൂടുതൽ അടിസ്ഥാന സൗകര്യ വികസനങ്ങൾ നടപ്പിലാക്കും. ഹരിതകർമ്മസേന, കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷനുകൾ, എൻ.സി.സി, സന്നദ്ധ സംഘടനകൾ തുടങ്ങിയ വിവിധ വിഭാഗങ്ങളെ പങ്കാളികളാക്കിയാണ് 'എന്റെ ടൗൺ എന്റെ അഭിമാനം' എന്ന സന്ദേശമുയർത്തി പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.
