കണ്ണൂർ : സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന പ്ലാസ്റ്റിക് കൊടികളുടെ വിൽപനയ്ക്കും ഉപയോഗത്തിനും ശുചിത്വ മിഷൻ പൂർണ്ണ നിരോധനം ഏർപ്പെടുത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് നിർദ്ദേശം.
പ്ലാസ്റ്റിക് നിർമ്മിത ദേശീയപതാകകൾ സൂക്ഷിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യുന്നത് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകും. പരിശോധനയ്ക്കായി നിയോഗിച്ച എൻഫോഴ്സ്മെൻ്റ്, ഐ വി ഒ, വിജിലൻസ് സ്ക്വാഡുകൾ ഇവ പിടിച്ചെടുക്കുകയും നിയമലംഘകർക്കെതിരെ വൻ തുക പിഴ ചുമത്തുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
പ്ലാസ്റ്റിക് കൊടികൾക്ക് പകരം പേപ്പർ, തുണി എന്നിവയിൽ നിർമ്മിച്ച പതാകകൾ മാത്രം ആഘോഷങ്ങൾക്കായി ഉപയോഗിക്കണമെന്ന് ജില്ലാ ശുചിത്വ മിഷൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
