തിരുവനന്തപുരം: ലഹരിമരുന്ന് വ്യാപാരികൾക്കും കടത്തുകാർക്കുമെതിരെ സംസ്ഥാന വ്യാപകമായി പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി കഴിഞ്ഞ 80 ദിവസത്തിനിടെ അറസ്റ്റിലായവരുടെ എണ്ണം പതിനായിരം കടന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിൽ 74 പേർ കൂടി പിടിയിലായതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി ഉയർന്നതായി ഓഗസ്റ്റ് 20-ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കേരള പോലീസ് അറിയിച്ചു.
ഇതുവരെ 9,280 കേസുകളാണ് പദ്ധതിയുടെ ഭാഗമായി രജിസ്റ്റർ ചെയ്തത്. പരിശോധനകളിൽ 8289.409 ഗ്രാം എം.ഡി.എം.എ., 1004.784 കിലോഗ്രാം കഞ്ചാവ്, 2,382 കഞ്ചാവ് ചെടികൾ എന്നിവ പോലീസ് പിടിച്ചെടുത്തു.
ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് കോഴിക്കോട് സിറ്റിയിലാണ് (929 കേസുകൾ). എന്നാൽ ഏറ്റവും കൂടുതൽ ആളുകൾ അറസ്റ്റിലായത് മലപ്പുറം ജില്ലയിലാണ് (999 പേർ). 875 കേസുകളുമായി കേസുകളുടെ എണ്ണത്തിലും മലപ്പുറം രണ്ടാമതുണ്ട്. കൊച്ചി സിറ്റി, പാലക്കാട് എന്നീ പോലീസ് ജില്ലകളിൽ 700-ലധികം കേസുകൾ വീതം രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, ഏറ്റവും കുറവ് കേസുകൾ കണ്ണൂർ റൂറലിലാണ് (137 കേസുകൾ). ഇവിടെ നിന്ന് 139 പേരാണ് അറസ്റ്റിലായത്.
