കണ്ണൂർ: ഓണാവധിക്കാലം മുതലെടുത്ത് ആഭ്യന്തര വിമാനക്കമ്പനികൾ യാത്രക്കാരിൽ നിന്ന് മൂന്നിരട്ടിയിലേറെ നിരക്ക് ഈടാക്കി ആകാശക്കൊള്ള നടത്തുന്നു. ബംഗളൂരു, ഹൈദരാബാദ് ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് വിമാനക്കമ്പനികളുടെ ഈ ഇരുട്ടടി.
സാധാരണ ദിവസങ്ങളിൽ കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് ബംഗളൂരുവിലേക്ക് 3,000 മുതൽ 4,000 രൂപ വരെയായിരുന്ന ടിക്കറ്റ് നിരക്കാണ് ഓണാവധി പ്രമാണിച്ച് വൻതോതിൽ വർധിപ്പിച്ചത്. ഓഗസ്റ്റ് 29, 30 തിയതികളിൽ കണ്ണൂരിൽ നിന്ന് ബംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ ഒറ്റത്തവണ യാത്രയ്ക്ക് 14,900 രൂപയാണ് ഈടാക്കുന്നത്. സെപ്റ്റംബർ ആദ്യവാരത്തിലും നിരക്കിൽ കുറവില്ല; ഈ ദിവസങ്ങളിൽ 10,300 രൂപ വരെ നൽകണം.
കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് 9,000 മുതൽ 10,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ, കണ്ണൂരിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യുന്നവർ ഇൻഡിഗോ ഫ്ലൈറ്റിന് 14,000 രൂപയോളം നൽകേണ്ടി വരുന്നുണ്ട്. നിരക്കുവർധന അവധിക്കാലത്ത് നാട്ടിലെത്താനും തിരിച്ചുപോകാനും തയ്യാറെടുക്കുന്ന പ്രവാസികൾക്കും ഐ.ടി. ജീവനക്കാർ ഉൾപ്പെടെയുള്ള യാത്രക്കാർക്കും വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
