തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് വാഹന ഉടമകൾക്ക് ആശ്വാസകരമായ പുതിയ ഭേദഗതികളുമായി മോട്ടോർ വാഹന വകുപ്പ് (MVD). ഇനി മുതൽ കാലാവധി തീരുന്നതിന് മുൻപേ ലൈസൻസ് പുതുക്കിയാലും നിലവിലെ കാലാവധി നഷ്ടപ്പെടില്ല.
ലൈസൻസ് കാലാവധി അവസാനിക്കുന്നതിന് ഒരു വർഷം മുൻപ് വരെ പുതുക്കാനായി അപേക്ഷിക്കാൻ അനുമതി നൽകുന്നതാണ് പുതിയ ഭേദഗതി. മുൻപ് കാലാവധി തീരുന്നതിന് മുൻപ് പുതുക്കുകയാണെങ്കിൽ അപേക്ഷിക്കുന്ന ദിവസം മുതൽ മാത്രമായിരുന്നു പുതിയ കാലാവധി പ്രാബല്യത്തിൽ വന്നിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം, നേരത്തെ പുതുക്കിയാലും നിലവിലെ ലൈസൻസ് കാലാവധി എന്ന് അവസാനിക്കുന്നുവോ അന്നു മുതലായിരിക്കും പുതിയ കാലാവധി കണക്കാക്കുക.
കൂടാതെ, ലൈസൻസ് കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പിഴയില്ലാതെ പുതുക്കാനുള്ള സൗകര്യവും ലഭ്യമാണ്. വിദേശത്തുള്ള പ്രവാസികൾക്കും ജോലി സംബന്ധമായി യാത്ര ചെയ്യുന്നവർക്കും ഈ നിയമഭേദഗതി ഏറെ ആശ്വാസകരമാകും.
