തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ആശ്വാസവാർത്ത. കെഎസ്ഇബി ഈ മാസം ഇന്ധന സർചാർജ് ഈടാക്കില്ല. ജൂൺ മാസത്തിലെ അധിക ചെലവുകൾ സർചാർജായി ഈടാക്കേണ്ടിയിരുന്നെങ്കിലും തുക ഒരു കോടി രൂപയിൽ താഴെ മാത്രമായതിനാലാണ് സർചാർജ് പിരിക്കേണ്ടതില്ലെന്ന് കെഎസ്ഇബി തീരുമാനിച്ചത്.
കഴിഞ്ഞ മാസം ദ്വൈമാസ ബില്ലുകാരിൽ നിന്ന് യൂണിറ്റിന് ഒരു പൈസ വീതം സർചാർജ് പിരിച്ചിരുന്നു. എന്നാൽ ഇത്തവണ പ്രതിമാസ ബില്ലുകാർക്കും ദ്വൈമാസ ബില്ലുകാർക്കും സർചാർജ് പൂജ്യം പൈസയായി നിശ്ചയിച്ചതോടെ ഉപഭോക്താക്കൾക്ക് അധിക സാമ്പത്തിക ഭാരം ഉണ്ടാകില്ല.
മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ വൈദ്യുതി തടസ്സം നേരിട്ടാൽ ഇനി ഫോൺ വിളിച്ച് കെഎസ്ഇബി ഓഫീസുകളിലേക്ക് ബുദ്ധിമുട്ടേണ്ടതില്ല. ഉപഭോക്താക്കൾക്കായി വാട്സാപ്പ് വഴിയുള്ള പരാതി പരിഹാര സേവനം കെഎസ്ഇബി സജ്ജമാക്കിയിട്ടുണ്ട്.
9496001912 എന്ന നമ്പറിലേക്ക് വാട്സാപ്പ് സന്ദേശം അയച്ച് ഉപഭോക്താക്കൾക്ക് പരാതി രജിസ്റ്റർ ചെയ്യാം. സന്ദേശം അയക്കുന്നതോടെ പരാതി ഉടനടി അതത് സെക്ഷൻ ഓഫീസുകളിലേക്ക് കൈമാറുകയും വേഗത്തിൽ പരിഹാരം കാണുകയും ചെയ്യും. കൂടാതെ, പരാതി രജിസ്റ്റർ ചെയ്ത നമ്പർ തിരിച്ചുള്ള സന്ദേശമായി ലഭിക്കുകയും ചെയ്യും.
വൈദ്യുതി തടസ്സം അറിയിക്കുന്നതിന് പുറമേ, അടയ്ക്കാനുള്ള ബിൽ തുക, അവസാന പേയ്മെന്റ് വിവരങ്ങൾ തുടങ്ങി വിവിധ സേവനങ്ങളും ഈ വാട്സാപ്പ് നമ്പർ വഴി ലഭ്യമാണ്.
