ന്യൂഡൽഹി: കാലവർഷം ശക്തമായ സാഹചര്യത്തിൽ പ്രളയബാധിതരായ ഏഴ് സംസ്ഥാനങ്ങൾക്കായി 2117.85 കോടി രൂപയുടെ എസ്.ഡി.ആർ.എഫ് ഫണ്ട് കേന്ദ്ര സർക്കാർ മുൻകൂറായി അനുവദിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് നടപടി. എന്നാൽ കനത്ത പ്രളയത്തിലും ഉരുൾപൊട്ടലിലും വലയുന്ന കേരളം കേന്ദ്രത്തിന്റെ അടിയന്തര ധനസഹായ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
ഹിമാചൽ പ്രദേശ്, ഒഡീഷ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, അസം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം ഫണ്ട് അനുവദിച്ചത്. രണ്ടാം ഘഡുവായി ഹിമാചലിന് 193.95 കോടിയും ഒഡീഷയ്ക്ക് 500 കോടിയും കൈമാറി. ഇതിനുപുറമേ അരുണാചൽ പ്രദേശിന് 44.55 കോടിയും അസമിന് 379.35 കോടിയും ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും 500 കോടി രൂപ വീതവും അനുവദിച്ചിട്ടുണ്ട്.
അതേസമയം, കേരളത്തിൽ മഴക്കെടുതികളിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലും എട്ട് പേർ മരണപ്പെടുകയും എട്ടുപേരെ കാണാതാവുകയും ചെയ്തു. 27 വീടുകൾ പൂർണ്ണമായും 196 വീടുകൾ ഭാഗികമായും തകർന്നു. നിലവിൽ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
