കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പത്തോളജി ലാബ് പരിശോധനകൾ ഇനി സൗജന്യമായി ലഭിക്കില്ല. നേരത്തെ സൗജന്യമായി ചെയ്തിരുന്ന വിവിധ പരിശോധനകൾക്ക് 30 രൂപ മുതൽ 800 രൂപ വരെ നിരക്ക് നിശ്ചയിച്ചുകൊണ്ട് ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റി (HDS) ഉത്തരവിറക്കി. ഇതോടെ മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന സാധാരണക്കാരായ രോഗികൾ കടുത്ത പ്രയാസത്തിലായി.
പുതിയ നിരക്കുകൾ:
* ബയോപ്സി പരിശോധന: ₹150
* ഫൈബ്രിനോജൻ പരിശോധന: ₹500
* ലുപുസ് ആന്റിനൊഗുലന്റ് പരിശോധന: ₹800
ഏറ്റവും കൂടുതൽ പേർ നടത്തുന്ന ഫൈബ്രിനോജൻ പരിശോധനയ്ക്കും ഉയർന്ന നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ പൂർണ്ണമായും സൗജന്യമായി നൽകിയിരുന്ന സേവനങ്ങൾക്കാണ് പെട്ടെന്ന് തുക ഈടാക്കാൻ തുടങ്ങിയത്. എച്ച്.ഡി.സി പുറത്തിറക്കിയ പുതിയ നിരക്ക വർദ്ധനവിനെതിരെ രോഗികളുടെയും പൊതുജനങ്ങളുടെയും ഭാഗത്തുനിന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
