സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാംപാദ പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് തീരുമാനിച്ചു. നേരത്തെ നിശ്ചയിച്ചതുപോലെ ഓഗസ്റ്റ് 13-ന് തുടങ്ങി 20-ഓടെ പരീക്ഷകൾ പൂർത്തിയാക്കാൻ ഗുണനിലവാര മേൽനോട്ട സമിതി യോഗം തീരുമാനിച്ചു. 21-ന് ഓണാഘോഷം നടത്തി വിദ്യാലയങ്ങൾ ഓണാവധിക്കായി അടയ്ക്കും.
അധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയും മഴക്കെടുതിയും കാരണം പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ പരീക്ഷ മാറ്റിവച്ചാൽ കലാ-കായിക മേളകൾ ഉൾപ്പെടെ നടക്കുന്ന രണ്ടാം പാദത്തിലെ അധ്യയനത്തെ അത് പ്രതികൂലമായി ബാധിക്കുമെന്ന് യോഗം വിലയിരുത്തി.
അതേസമയം ഹൈസ്‌കൂൾ തലത്തിലെ പരീക്ഷാ ടൈംടേബിളിൽ പരിഷ്കാരം വരുത്തിയിട്ടുണ്ട്. 8, 9 ക്ലാസുകളിലെ പരീക്ഷകൾ ഒരേ ദിവസം വരുന്നത് ഒഴിവാക്കാനാണിത്. ഹയർ സെക്കൻഡറി പരീക്ഷാ തീയതികളിൽ മാറ്റമില്ല.
ക്ലാസുകൾ മുടങ്ങിയ സാഹചര്യത്തിൽ ചോദ്യപ്പേപ്പർ ക്രമീകരണത്തിലും ഇളവ് വരുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 31 വരെയുള്ള പാഠഭാഗങ്ങൾക്ക് പകരം ഓഗസ്റ്റ് 10 വരെയുള്ള പാഠഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തിയായിരിക്കും ചോദ്യപ്പേപ്പറുകൾ തയാറാക്കുക.
