തിരുവനന്തപുരം: വിവിധ വെബ്സൈറ്റുകൾ കേന്ദ്രീകരിച്ച് ക്ലിക്ക്ഫിക്സ് എന്ന പേരിൽ പുതിയ സൈബർ കുറ്റകൃത്യങ്ങൾ വ്യാപകമാകുന്നതായി കേരള പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരം വെബ്സൈറ്റുകൾ സന്ദർശിക്കുന്ന വ്യക്തികളുടെ കമ്പ്യൂട്ടറുകളും ഫോണുകളും ഹാക്ക് ചെയ്ത് പണം തട്ടാനാണ് സൈബർ കുറ്റവാളികൾ ശ്രമിക്കുന്നത്.
ചില വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ യഥാർത്ഥ കാപ്ച വെരിഫിക്കേഷന് ശേഷം ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന മറ്റൊരു ഡയലോഗ് ബോക്സ് കൂടി തെളിയുന്നു. സൈബർ കുറ്റവാളികൾ തയ്യാറാക്കിയ നിർദ്ദേശങ്ങളാണ് ഇതിൽ ഉണ്ടാകുക.
ഇതിൽ പറയുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നതോടെ ഉപയോക്താവിന്റെ സിസ്റ്റം പൂർണ്ണമായും ഹാക്ക് ചെയ്യപ്പെടും. തുടര്‍ന്ന് ഓൺലൈൻ ബാങ്കിംഗ് പാസ്‌വേഡുകൾ, ഇമെയിൽ അക്കൗണ്ടുകൾ, ബ്രൗസറിൽ സേവ് ചെയ്തിരിക്കുന്ന സോഷ്യൽ മീഡിയ പാസ്‌വേഡുകൾ എന്നിവ കൈക്കലാക്കി കുറ്റവാളികൾ ഡാറ്റ ലോക്ക് ചെയ്യുന്നു. ഈ അക്കൗണ്ടുകൾ അൺലോക്ക് ചെയ്യുന്നതിനായി പിന്നീട് വലിയ തുക പണമായി ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ രീതി.
യാതൊരു അംഗീകൃത വെബ്സൈറ്റും കാപ്ച പരിശോധനയുടെ ഭാഗമായി പവർഷെൽ അല്ലെങ്കിൽ കമാൻഡ് പ്രോംപ്റ്റ് കമാൻഡുകൾ പ്രവർത്തിപ്പിക്കാനോ, ഫയലുകൾ ഡൗൺലോഡ് ചെയ്യാനോ, സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യാനോ ആവശ്യപ്പെടാറില്ല. ഉപകരണത്തിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്തതായി സംശയം തോന്നിയാൽ ഉടൻ തന്നെ വൈഫൈ അല്ലെങ്കിൽ ലാൻ കണക്ഷൻ വിച്ഛേദിച്ച് ഇന്റർനെറ്റ് ബന്ധം വേർപെടുത്തുക.
സംശയാസ്പദമായ ഫയലുകൾ മറ്റ് കമ്പ്യൂട്ടറുകളിലേക്കോ മൊബൈൽ ഫോണുകളിലേക്കോ കൈമാറരുത്. സംശയം തോന്നിയാൽ ഉടൻ തന്നെ വാഹനം അല്ലെങ്കിൽ ഉപകരണം സുരക്ഷിതമാക്കാൻ അടുത്തുള്ള സൈബർ പോലീസ് സ്റ്റേഷനിലെത്തിക്കുക. ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടലിലോ വിവരമറിയിക്കണം.
