തിരുവനന്തപുരം: ഓണാഘോഷങ്ങളോടനുബന്ധിച്ച് ഈ വർഷം സംസ്ഥാന സർക്കാരിന്റെ സേവന സംവിധാനങ്ങൾ തുടർച്ചയായി എട്ടു ദിവസം വരെ സ്തംഭനാവസ്ഥയിലാകാൻ സാധ്യത. സർക്കാർ ഓഫീസുകളിൽ ഓഗസ്റ്റ് 25-ലെ ഒന്നാം ഓണം മുതൽ ഓഗസ്റ്റ് 28-ലെ നാലാം ഓണം വരെയുള്ള ദിവസങ്ങളിലാണ് സംസ്ഥാന സർക്കാർ ഔദ്യോഗികമായി പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
എന്നാൽ, രണ്ട് ദിവസത്തെ യാദൃശ്ചിക അവധി (Causal Leave) കൂടി ലഭ്യമാക്കുന്നതിലൂടെ ഉദ്യോഗസ്ഥർക്ക് തുടർച്ചയായി എട്ടു ദിവസം ഓഫീസിൽ ഹാജരാകാതിരിക്കാൻ കഴിയും. ഓഗസ്റ്റ് 24 (തിങ്കൾ), ഓഗസ്റ്റ് 29 (ശനി) എന്നീ ദിവസങ്ങളിൽ കൂടി അവധിയെടുക്കുകയാണെങ്കിൽ ഓഗസ്റ്റ് 23 മുതൽ 30 വരെയുള്ള എട്ടു ദിവസങ്ങളിൽ ജീവനക്കാർക്ക് വീടുകളിൽ തന്നെ തുടരാൻ വഴിയൊരുങ്ങും.
നിലവിൽ തന്നെ ഓണാഘോഷ പരിപാടികളും മറ്റ് അനുബന്ധ മത്സരങ്ങളും കാരണം പല സർക്കാർ ഓഫീസുകളിലും ജീവനക്കാരുടെ സാന്നിധ്യം വളരെ കുറവാണ്. വരും ദിവസങ്ങളിൽ രണ്ടു ദിവസത്തെ അധിക അവധി കൂടി ജീവനക്കാർ ഉപയോഗപ്പെടുത്തിയാൽ ജനങ്ങൾക്ക് അത്യാവശ്യ സേവനങ്ങൾ ലഭ്യമാകുന്നത് തടസ്സപ്പെടാനും സർക്കാർ സംവിധാനങ്ങൾ പൂർണ്ണമായും നിശ്ചലമാകാനും സാധ്യതയുണ്ട്.
