തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും ദുരിതബാധിതർക്കും ആശ്വാസ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. മഴക്കെടുതിയിൽ മരിച്ചവരുടെ സംസ്‌കാരച്ചടങ്ങുകൾ നടത്തുന്നതിനായി 10,000 രൂപ വീതം അനുവദിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൂടാതെ, ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്ന കുടുംബങ്ങൾക്ക് 10,000 രൂപ വീതം ധനസഹായം നൽകും.
സംസ്ഥാനത്ത് മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ ഇതുവരെ 15 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. ഏഴ് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
ദുരന്തത്തിൽ ജീവനോപാധികൾ നഷ്ടപ്പെട്ടവർക്ക് പ്രത്യേക സഹായവും സർക്കാർ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒരു റേഷൻ കാർഡിലെ രണ്ടുപേർക്ക് പ്രതിദിനം 300 രൂപ വീതം ധനസഹായം ലഭിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളും പുനരധിവാസവും തടസ്സമില്ലാതെ പൂർത്തിയാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
