ദില്ലി: വനിതാ ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമ പരാതിയിൽ മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ ദില്ലി വിചാരണക്കോടതി വെറുതെ വിട്ടു. രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്കും ഗുസ്തി താരങ്ങളുടെ നീണ്ട സമരത്തിനും വഴിവെച്ച കേസിലാണ് വിചാരണക്കോടതിയുടെ നിർണ്ണായക വിധി.
ആറ് പ്രമുഖ വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദില്ലി പോലീസ് വിവിധ വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും വിശദമായ അന്വേഷണത്തിന് ശേഷം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.
നേരത്തെ പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് താരങ്ങൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കേസിൽ പോലീസിന്റെ നിയമനടപടികൾ വേഗത്തിലായത്. കേസിൽ മുൻപ് പ്രായപൂർത്തിയാകാത്ത ഒരു താരം പരാതി ഉന്നയിച്ചിരുന്നെങ്കിലും പിന്നീട് അത് പിൻവലിക്കുകയായിരുന്നു.
