തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടം. മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്താകെ 209 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വിവിധ ജില്ലകളിലായി 5,792 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ ഇതുവരെ എട്ട് മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ തീവ്രത കുറഞ്ഞത് ആശ്വാസത്തിന് വകനൽകുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്തെ നിലവിലെ സാഹചര്യം വിലയിരുത്താൻ റവന്യൂ മന്ത്രി, ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ, ജില്ലാ ഭരണകൂടങ്ങൾ എന്നിവരുമായി മുഖ്യമന്ത്രിയുടെ ഓഫീസ് തുടർച്ചയായി ആശയവിനിമയം നടത്തിവരികയാണ്.
വെള്ളക്കെട്ട് ഇറങ്ങിയ സ്ഥലങ്ങളിൽ അടിയന്തര ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ശുചീകരണത്തിലും രാഷ്ട്രീയ പ്രവർത്തകരും സന്നദ്ധ സംഘടനകളും സജീവമായി പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും അധികൃതർ ഉറപ്പുനൽകി.
